അംഗീകാര വോട്ടിങ്


ജനങ്ങൾ തങ്ങൾക്ക് താല്പര്യമുള്ളയാളെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റുന്നതാണ് ജനാധിപത്യം. എന്നാൽ ഭൂരിപക്ഷം ജനങ്ങൾക്കും താല്പര്യമില്ലാത്ത ആളാണ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതെങ്കിലോ? അങ്ങനെ ജയിച്ചു വരുന്ന “ജനപ്രതിനിധി” തന്റെ മണ്ഡലത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ആശകളെയും ആഗ്രഹങ്ങളെയും ആശങ്കകളേയും ആണോ പ്രതിനിധീകരിക്കുന്നത്.

ഇതൊരു സാങ്കൽപ്പിക ചോദ്യമല്ല, നമ്മുടെ നാട്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ അധികമാരും ശ്രദ്ധിക്കാത്ത വശമാണിത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും: പാർട്ടികൾ ചേർന്ന് മുന്നണിയായി മത്സരിച്ചിട്ട് പോലും കേവലം 30% മുതൽ 40% മാത്രം വോട്ട് നേടിയാണ് പല സ്ഥാനാർത്ഥികളും വിജയിക്കുന്നത്. മറിച്ചു ചിന്തിച്ചാൽ, മണ്ഡലത്തിലെ 60% മുതൽ 70% വരുന്ന ഭൂരിപക്ഷം ജനങ്ങൾക്കും താല്പര്യമില്ലാത്ത, അല്ലെങ്കിൽ അവർ എതിർത്ത് വോട്ട് ചെയ്ത ഒരാളാണ് വിജയിക്കുന്നത്. 65% ജനങ്ങളുടെ ശബ്ദം ജന-പ്രതിനിധിസഭകളിൽ ഇല്ലാതെ പോകുന്നു എന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ ലക്ഷ്യത്തിന് വിരുദ്ധമാണ്.

ജനങ്ങളുടെ യഥാർത്ഥ പിന്തുണ ആർക്കാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന പലതരം വോട്ടിംഗ് രീതികൾ ലോകത്ത് നിലവിലുണ്ട്. അവയിൽ നിന്നും നമ്മുടെ രാജ്യത്തിന് ഏറ്റവും അനുയോജ്യമെന്ന് ഞാൻ കരുതുന്ന ഒരു സംവിധാനമാണ് അംഗീകാര വോട്ടിങ് (Approval Voting).

എന്താണ് അംഗീകാര വോട്ടിങ്

നിലവിലെ രീതിയിൽ, ഒരു വോട്ടർക്ക് ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. എന്നാൽ അംഗീകാര വോട്ടിംഗിൽ, ഒരു വോട്ടർക്ക് ഇഷ്ടമുള്ള എത്ര സ്ഥാനാർത്ഥികൾക്കും ഒരേ സമയം വോട്ട് ചെയ്യാം. നിലവിലെ പോലെ തന്നെ വോട്ടെണ്ണി കഴിയുമ്പോൾ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ സ്ഥാനാർത്ഥി വിജയിക്കുന്നു.

ഉദാഹരണത്തിന്, മത്സരരംഗത്തുള്ള അഞ്ച് സ്ഥാനാർത്ഥികളിൽ മൂന്ന് പേർ യോഗ്യരാണെന്ന് തോന്നിയാൽ, ആ മൂന്ന് പേർക്കും ഒരേസമയം വോട്ട് ചെയ്യാൻ ഒരു വോട്ടർക്ക് കഴിയും. നിലവിലെ വോട്ടിങ് രീതിയിൽ, താല്പര്യമുള്ള സ്ഥാനാർത്ഥികളിൽ നിന്നും ഏറ്റവും വിജയ സാധ്യത കൂടിയ ആളെ നോക്കിയാണ് വോട്ട് ചെയ്തിരുന്നതെങ്കിൽ, അംഗീകാര വോട്ടിങ്ങിൽ താല്പര്യമുള്ളവരിൽ നിന്നും ആരെ ഒഴിവാക്കണം എന്ന് ഒരു വോട്ടർക്ക് ചിന്തിക്കേണ്ടി വരില്ല. സ്വീകാര്യരെന്ന് തോന്നുന്ന എല്ലാവർക്കും വോട്ട് ചെയ്യാമല്ലോ!

An example ballot illustrationg the difference of FPTP and Approval Voting methods

An illustration of FPTP and Approval Voting ballots

അംഗീകാര വോട്ടിങ് പരിഹരിക്കുന്ന പ്രശ്നങ്ങൾ

  • വോട്ട് പാഴാകുമെന്ന ഭയം: “ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ല; അയാൾ എന്തായാലും ജയിക്കില്ല” എന്ന ചിന്ത പലരെയും ‘ജയിക്കാൻ സാധ്യതയുള്ള’ എന്നാൽ അത്ര താല്പര്യമില്ലാത്ത ആൾക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നു. ജയസാധ്യത നോക്കി വോട്ട് പാഴാക്കുമെന്ന ഭയമില്ലാതെ, തനിക്ക് ബോധ്യമുള്ള എല്ലാവർക്കും ഒരേസമയം വോട്ട് നൽകി, യഥാർത്ഥ അഭിപ്രായം രേഖപ്പെടുത്താൻ അംഗീകാര വോട്ടിങ്ങിലൂടെ വോട്ടർക്ക് സാധിക്കുന്നു.

  • വോട്ട് ഭിന്നിപ്പിക്കൽ ഒഴിവാകും: സമാന ആശയങ്ങളുള്ള സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ വോട്ടുകൾ വിഭജിച്ച് പരസ്പരം നഷ്ടപ്പെടുന്ന പ്രശ്നം ഇല്ലാതാകും (Vote Splitting).

  • യഥാർത്ഥ ജനവിധി രേഖപ്പെടുത്തുന്നു: വോട്ടർക്ക് തനിക്ക് വിശ്വാസമുള്ള എല്ലാവർക്കും പിന്തുണ നൽകാൻ കഴിയും.

  • പുതിയ രാഷ്ട്രീയ ശക്തികൾക്ക് അവസരം ലഭിക്കും: ഇന്ന് ഒരു പുതിയ പാർട്ടിക്കോ സ്വതന്ത്ര സ്ഥാനാർത്ഥിക്കോ വോട്ട് ചെയ്യാൻ പലരും മടിക്കുന്നത് അവരുടെ ആശയങ്ങളോട് യോജിപ്പില്ലാത്തതുകൊണ്ടല്ല; അവർ ജയിക്കില്ലെന്ന് കരുതുന്നതുകൊണ്ടാണ്. അംഗീകാര വോട്ടിങ്ങിൽ ആ മനോഭാവം കുറയും. പുതിയവർക്കും പിന്തുണ നൽകാൻ വോട്ടർക്ക് ആത്മവിശ്വാസം ലഭിക്കും. അതിലൂടെ മികച്ച പുതിയ നേതാക്കൾ ഉയർന്നുവരാനുള്ള സാധ്യതയും വർധിക്കും.

രാഷ്ട്രീയത്തിൽ എന്ത് മാറ്റം വരും?

ഇന്ന് പല രാഷ്ട്രീയക്കാരും ഉറപ്പുള്ള സ്വന്തം പാർട്ടി വോട്ടർമാരെയും, വോട്ട് ബാങ്കുകളേയും മാത്രം സന്തോഷിപ്പിച്ചാൽ മതി എന്ന് കരുതുന്നു. വോട്ട് ബാങ്കുകളെ മാത്രം പ്രീണിപ്പിച്ച്, എങ്ങനെ എങ്കിലും ഒരു 30% വോട്ട് ഉറപ്പിച്ച് അധികാരം സ്വന്തമാക്കുന്നു. അതിനു വേണ്ടി വെറുപ്പും വിദ്വേഷവും പടർത്തി ധ്രുവീകരണം പോലും തിരഞ്ഞെടുപ്പ് തന്ത്രമാക്കുന്നു. 30% വരുന്ന ആളുകളെക്കൊണ്ട് അധികാരത്തിൽ ഏറാമെങ്കിൽ ബാക്കി 70% നെ കൂടെ നിർത്തേണ്ടതില്ലല്ലോ. അതേസമയം അംഗീകാര വോട്ടിങ്ങിൽ ഈ ചിന്ത വിലപ്പോവില്ല. വിജയിക്കണമെങ്കിൽ സ്വന്തം പാർട്ടിക്കാരുടെ വോട്ട് മാത്രം മതിയാകില്ല, മറ്റു പാർട്ടി അനുയായികളുടെയും, നിഷ്പക്ഷരുടെയും, സാധാരണക്കാരുടെയും പിന്തുണ നേടണം. വെറുപ്പ് പരത്തുന്നതിനെക്കാൾ, കൂടുതൽ ആളുകൾക്ക് സ്വീകാര്യനാകുക എന്നതാവും രാഷ്ട്രീയക്കാരുടെ ലക്ഷ്യം. ചുരുക്കത്തിൽ അംഗീകാര വോട്ടിങ് (Approval Voting) കേവലമൊരു വോട്ടിംഗ് മാറ്റം മാത്രം അല്ല; അത് രാഷ്ട്രീയത്തിന്റെ incentive തന്നെ മാറ്റും.

ഇന്ന് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു ന്യൂനപക്ഷത്തിന്റെ ഉറച്ച പിന്തുണ മാത്രം മതി. അംഗീകാര വോട്ടിങ്ങിൽ വിജയിക്കാൻ കൂടുതൽ ആളുകളുടെ അംഗീകാരം ആവശ്യമാണ്. അതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തി. ഇവിടെ മാറുന്നത് വോട്ടെണ്ണൽ രീതി മാത്രമല്ല; തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ട രാഷ്ട്രീയ കണക്കു കൂട്ടലുകളും പ്രേരണകളും ആണ്. “ഭിന്നിപ്പിച്ച് ഭരിക്കുക” എന്ന രാഷ്ട്രീയത്തിൽ നിന്ന് “കൂടുതൽ ആളുകളെ ഒപ്പം നിർത്തുക” എന്ന രാഷ്ട്രീയത്തിലേക്കുള്ള ഒരു ചുവടുവെപ്പ് ആയിരിക്കും ഈ പരിഷ്‌കാരം.

ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ വിജയികളായാൽ മാത്രം പോരാ; കഴിയുന്നത്ര കൂടുതൽ ജനങ്ങൾക്ക് സ്വീകാര്യരായിരിക്കണം. അതിലേക്കുള്ള ചെറിയതും ലളിതവുമായ ഒരു ചുവടുവെപ്പാണ് അംഗീകാര വോട്ടിങ്.